Monday, August 16, 2010

എന്താണു സുഖജീവിതം?

അങ്ങനെ അവസാനം ആ അടിപൊളി ജീവിതം എന്നെ തേടിയെത്തി.

പണ്ട് അയ്യപ്പഗുരു വെള്ളമടിക്കുമ്പോള്‍ പറഞ്ഞുതന്ന ചൈനീസ്‌ നാടോടിക്കഥയില്‍ ഒരാള്‍ ഉറങ്ങിയും പുഴയില്‍ നിന്ന് മീന്പിടിച്ചു തിന്നും ചുമ്മാ ജീവിക്കുന്നു. കഷ്ടപ്പെട്ട് ജീവിച്ചു ഒരു കല്യാണമൊക്കെ കഴിച്ചു നന്നായിക്കുടെ എന്ന ഒരു മണ്ടന്റെ ചോദ്യത്തിനു നമ്മുടെ യോഗയന്‍ പറയുന്നത്, ഞാന്‍ ഇപ്പോള്‍ തന്നെ നയിക്കുന്നത് സവര്‍ഗതുല്യമായ ജീവിതം ആണു, ഇനി ഇതിനേക്കാള്‍ നല്ലതോന്നില്ല എന്ന്. അപ്പോള്‍ മനസ്സില്‍ പൂവിട്ട ഒരാഗ്രഹമാണ്, ചുമ്മാ ഒന്നും ചെയ്യാതെ തോന്നുമ്പോള്‍ തോന്നുന്നപോലെ ചെയ്യാന്‍ കഴിയുന്ന ജീവിതം കുറച്ചു ദിവസതിലെക്കെങ്ങിലും ഒന്ന് ശ്രമിക്കണമെന്ന്.

 പണ്ട് സ്കൂളിലും കോളേജിലും ആയിരുന്നപ്പോള്‍ കിട്ടിയിരുന്ന വേനലവധി വീട്ടിലോ ബന്ധുവീട്ടിലോ ചെലവോഴിചിരുന്നത് കാരണം ഇമ്മാതിരി ഒരു മടിപിടിച്ച ജീവിതം നടപ്പിലായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ഒറ്റക്കാണു, വീടും നാടും ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ, പല കടലുകല്‍ക്കപ്പുറത്ത്. ക്ലാസ് തുടങ്ങുന്നത് ഒന്ന് രണ്ടു മാസം കഴിഞ്ഞ്. യൂറോപ്പ് കറങ്ങി കാശൊക്കെ തീര്‍ന്നതിനാല്‍ വേറൊന്നും ചെയ്യാനില്ല. എന്റെ സ്വപ്ന ജീവിതം നയിക്കയല്ലാതെ വേറെ വഴി ഇല്ല.

 പണ്ട് തൊട്ടേ ഉള്ള ശീലം രാവിലെ നേരത്തെ എഴുന്നെക്കും എന്നതാണു, അത് കഷ്ടപ്പെട്ട് ഒരു ഒമ്പത് പത്തു മണി ആക്കി. എഴുന്നേറ്റു ഒരു അര ഒരു മണിക്കൂര്‍ ചുമ്മാ ദിവാസ്വപ്നം കണ്ടു കിടക്കും. അതുകഴിഞ്ഞ് മടിപിടിച്ച് പ്രഭാതകൃത്യങ്ങള്‍ കഴിച്ചു  ഫ്രഞ്ച് സ്റ്റൈലില്‍  ഒരു കട്ടനോക്കെ അടിച്ചു ചുമ്മാ തോന്നുന്നതെങ്ങിലും ചെയ്യും. ചെലപ്പോ വല്ല പുസ്തകവും അലസമായി മറച്ചു നോക്കും, ചെലപ്പോ അടുത്തുള്ള കെട്ടിടത്തിലേക്ക് കഷ്ടപ്പെട്ട് നടന്നു ഇന്റെര്നെട്ടിലേക്ക് ഊളിയിടും, ചെലപ്പോ പിന്നെയും കിടന്നുറങ്ങും, അല്ലെങ്ങില്‍ ചുമ്മാ ദിവാസ്വപ്നം കാണും, അല്ലെങ്ങില്‍ ബ്രെഡും നുട്ടെലയും മുട്ടയും ഒക്കെ കൂടി ഒരു സാദാ പ്രാതല്‍, അല്ലെങ്ങില്‍ പൂരി മുട്ടക്കറി ഉരുളക്കിഴങ്ങുകാരി എന്നിങ്ങനെ വന്‍ സംഭവങ്ങള്‍ സമയമെടുത്ത്‌ ഉണ്ടാക്കി കഴിക്കും. പിന്നെ പതുക്കെ കുളിച്ചു കമ്പ്യൂടരിനു മുന്നില്‍. വല്ല സിനിമയോ, ഹൌ ഐ മെറ്റ് യുവര്‍ മതര്‍ എന്ന സീരിയലോ കാണും. എന്താ ഈ സീരീസ്. എന്ത് രസം. എത്ര നല്ല ജീവിതം. ഇതല്ലെങ്ങില്‍ പിന്നെയും വല്ല പുസ്തകവും, അല്ലെങ്ങില്‍ പിന്നെയും ഉറക്കം... ബോറടിച്ചാല്‍ പെറുവില്‍ നിന്നുള്ള എന്റെ കൂട്ടുകാരിയുമായി വല്ല പാര്‍ക്കിലും പോയിരുന്നു സിനിമ കാണല്‍. അല്ലേല്‍ അവളുടെ മറ്റു കൂട്ടുകാരുടെ കൂടെ മലകയറ്റം (പണ്ടാരം!). എന്തായാലും ഉച്ചക്ക് സംഭവങ്ങള്‍ വന്‍ തോതില്‍ ഉണ്ടാക്കും. ചിക്കണോ കോളി ഫ്ലാവരോ നൂടില്സോ ഒക്കെയാണ് സ്ടാപ്പില്‍. അല്ലെങ്ങില്‍ ചോറും തയിരും അച്ചാറും. പിന്നെ ഒരു യൂറോക്ക് ആറെണ്ണം എന്ന കണക്കിനു കാരഫൂരീന്നു വാങ്ങിയ കാരമേല്‍ ഡിസ്സേര്‍ട്ട് ഒന്ന് രണ്ടണ്ണം അടിച്ചിട്ട് (ഇതൊക്കെ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറില്‍ എന്തെങ്ങിലും ഒക്കെ കളിക്കുന്നുണ്ടാവും...) സിയെസ്തയിലേക്ക് കടക്കും. ഒരു മൂന്നു മണിക്കൂര്‍ നിദ്രക്കു ശേഷം കാപ്പി. അല്ലെങ്ങില്‍ ബിയര്‍. പുസ്തകം അല്ലെങ്ങില്‍ സീരീസ്‌ അല്ലെങ്ങില്‍ ഇന്റര്‍നെറ്റ്‌. ബോര്‍ അടിച്ചാല്‍ പുതുതായി കിട്ടിയ കൂട്ടാളികളുടെ റൂമില്‍ പോയി ചുമ്മാ കത്തി. അല്ലെങ്ങില്‍ ബീറടി. ഇല്ലെങ്ങില്‍ ബ്രെടടും മുട്ടയും, അല്ലെങ്ങില്‍ ആലു പോരാട്ട. ഒരുമിച്ചുള്ള പാചകം, തോന്നുവാനെങ്ങില്‍. ബോര്‍ അടിച്ചാല്‍ പിന്നെയും സീരീസുകള്‍, സിനിമകള്‍. രാത്രി രണ്ടു മൂന്നു മണി വരെ ഇത് പരുപാടി. തുണി  അലക്കിയിട്ട് മാസം ഒന്ന് കഴിഞ്ഞു.

അലസമായ സുഖ ജീവിതം.

ആകെ ഉള്ള പ്രശ്നം ആഴ്ചയില്‍ ഒരു ദിവസം റൂം വൃത്തിയാക്കാന്‍ വരുന്ന സ്ത്രീ ആണ്. അവര്‍ വരുമ്പോള്‍ റൂം തറ ആണേല്‍ അവര്‍ വ്ര്ത്തിയാക്കില്ലെന്നു പറയും. അത് സാരമില്ല എന്നെ ഒന്ന് ശല്യപ്പെടുത്താതെ ഇരുന്നൂടെ എന്ന് പറഞ്ഞാല്‍ ഇത് ഹോസ്റല്‍ റൂള്‍ ആണെന്നൊക്കെയോ മറ്റോ - ആര്‍ക്കറിയാം അവര്‍ ഫ്രഞ്ചില്‍ എന്താണു പറയുന്നതെന്ന്. അവര്‍ വരുന്ന സമയം നോക്കി ഞാന്‍ റൂമീന്നു മാറി നിന്നാല്‍ അവര്‍ കുറിപ്പെഴുതി വെക്കും, മുട്ടന്‍ ഫ്രെഞ്ചില്‍. പണിയായെന്നു പറഞ്ഞാല്‍ മതിയല്ലോ.

എന്റെ ഒറ്റക്കുള്ള  സുഖജീവിതത്തിലെ ഏക കടന്നല്‍.

ഇടക്കൊക്കെ സ്വത്വബോധവും അസ്ഥിത്വപണ്ടാരവും തോന്നാതെയില്ല. പക്ഷെ ഇങ്ങനൊക്കെ അങ്ങ് മടിപിടിച്ച് ജീവിച്ചു പോക്കുന്നു.

എന്താ അല്ലെ?

1 comment:

Arun said...

da word verification onnozhivakkumo?

Njan ippo ethand ithe avasthayilanu, vallappozhum labil povanam ennathozhichal...:)